കോട്ടയ്ക്കല്‍: മലപ്പുറത്തെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ ലണ്ടനില്‍ നടന്ന ലോക യുവപ്രതിഭാ മത്സരത്തിലും താരങ്ങള്‍. 53 രാജ്യങ്ങളില്‍നിന്ന് 1000ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത 'വേള്‍ഡ് സ്കില്‍ ഇന്റര്‍നാഷണല്‍' മത്സരത്തിലാണ് കോട്ടയ്ക്കല്കാരനായ കെ. അബ്ദുള്മുബാഷും ഏലംകുളത്തുകാരനായ വി. ഷഹീറും തങ്ങളുടെ പ്രതിഭ തെളിയിച്ചത്. യുവപ്രതിഭകളുടെ സാങ്കേതിക വൈദഗ്ധ്യം ലോകത്തിന് പരിചയപ്പെടുത്തുന്ന മത്സരമാണിത്. കോയമ്പത്തൂര്‍ ജി.ഡി. ടെക്നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഷഹീര്‍ ഇന്ത്യന്‍ടീമില്‍ ഏറ്റവും പോയന്റ് നേടി ബെസ്റ്റ്ഇന്ത്യന് പുരസ്കാരവും കരസ്ഥമാക്കി. ലണ്ടനില്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ എട്ടുവരെയായിരുന്നു മത്സരങ്ങള്‍. മത്സരത്തിന്റെ 16 അംഗ ഇന്ത്യന്‍ സംഘത്തില്‍ ഇവരെ കൂടാതെ രണ്ട് മലയാളികള്‍കൂടി ഉണ്ടായിരുന്നു. എറണാകുളം സ്വദേശികളായ ജിബിജോസഫും നിഖില്‍ രാജും.
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി യാത്രയയയ്ക്കാനെത്തിയതും ബക്കിങ്ഹാം കൊട്ടാരവും ലണ്ടന്‍ ഐസ്കൈവേയും ബിഗ്ബെന്‍ നാഴികമണിയും സെന്റ്പോള്‍സ് കത്തീഡ്രലും കണ്ടതും തെംസ് നദിയിലൂടെ ബോട്ട്യാത്ര നടത്തിയതുമൊക്കെ ഇവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍.
പോളി മെക്കാനിക്സില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തിയാണ് അബ്ദുള്‍ മുബാഷ് ലോക മത്സരങ്ങള്‍ക്ക് അര്‍ഹതനേടിയത്. മൗള്‍ഡ് മേക്കിങ്ങിലെ താരമാണ് ഷഹീര്‍. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കൗണ്‍സിലാണ് ദേശീയ മത്സരങ്ങള്‍ നടത്തിയത്. ലണ്ടനിലെ യാത്രയുടെ ചെലവ് വഹിച്ചതും അവര്‍ തന്നെ.
പോളിമെക്കാനിക്സില് 24 രാജ്യങ്ങള്‍ മത്സരിച്ചു. ഇവരില്‍ പതിനൊന്നാമനാണ് അബ്ദുള്മുബാഷ്. 10 രാജ്യങ്ങള്‍ മത്സരിച്ച മൗള്‍ഡ് മേക്കിങില്‍ ഷഹീറിന് ആറാംസ്ഥാനമുണ്ട്. അങ്കണവാടി അധ്യാപിക കോട്ടയ്ക്കല്‍ കോട്ടൂര്‍ ടി.വി. മന്‍സിലില്‍ മുംതാസിന്റെ മകനാണ് 21കാരനായ അബ്ദുള്‍ മുബാഷ്. കോട്ടൂര്‍ എ.കെ.എം. ഹൈസ്കൂള്‍, കോട്ടയ്ക്കല്രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.
ഗള്‍ഫില്‍ ടര്ണറായ പെരിന്തല്‍മണ്ണ ഏലങ്കുളം വട്ടങ്കണ്ടത്തില് അലവിയുടെയും ആബിദയുടെയും മകനാണ് ഷഹീര്‍. മൂന്ന് സഹോദരങ്ങളുണ്ട്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസവും പ്ലസ്ടു പഠനവും.